വാഴ്സോ: റഷ്യയിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആയുധ ഉപയോഗ ചട്ടങ്ങളിൽ നിർണായക ഭേദഗതിയുമായി പോളണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കുന്ന സംശയാസ്പദമായ ഡ്രോണുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ പൈലറ്റുമാർ നേരിൽ കണ്ട് തിരിച്ചറിയേണ്ടതില്ലാതെ തന്നെ മിസൈൽ ഉപയോഗിച്ച് തകർക്കാൻ അനുമതി നൽകുന്ന പുതിയ നിയമമാണ് പോളണ്ട് നടപ്പാക്കുന്നത്. സമാധാനകാലത്ത് ഇത്തരം അധികാരം സൈന്യത്തിന് നൽകുന്ന ആദ്യ നാറ്റോ രാജ്യമായി ഇതോടെ പോളണ്ട് മാറും.
പോളണ്ട് ഉപപ്രതിരോധ മന്ത്രി സെസാരി ടോംചിക് ആണ് പുതിയ പ്രതിരോധ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ തന്നെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഇതുവരെ സമാധാനകാലത്ത് ഒരു വിമാനത്തെയോ പറക്കുന്ന വസ്തുവിനെയോ ശത്രുവായി പ്രഖ്യാപിക്കാൻ വ്യോമസേനാ പൈലറ്റിന്റെ നേരിട്ടുള്ള കാഴ്ച നിർബന്ധമായിരുന്നു. പുതിയ ഭേദഗതിയോടെ ഈ നിബന്ധന ഒഴിവാക്കും. പകരം ‘പോസിറ്റീവ് ഐഡന്റിഫിക്കേഷൻ’ വഴി ഭീഷണി സ്ഥിരീകരിച്ചാൽ മതിയാകും.
ഒബ്ജക്റ്റിന്റെ സഞ്ചാരദിശ, വേഗത, പോളിഷ് വ്യോമാതിർത്തിയിലേക്കുള്ള പ്രവേശന പാത തുടങ്ങിയ റഡാർ വിവരങ്ങൾക്കൊപ്പം തിരിച്ചറിയൽ സിഗ്നലുകൾ, ട്രാൻസ്പോണ്ടർ വിവരങ്ങൾ എന്നിവയും പരിശോധിച്ചായിരിക്കും ഭീഷണി വിലയിരുത്തുക. ഭീഷണിയാണെന്ന് സ്ഥിരീകരിച്ചാൽ പൈലറ്റിനോ കൺട്രോൾ റൂം കമാൻഡർക്കോ വെടിവച്ചിടാനുള്ള അന്തിമ തീരുമാനം എടുക്കാം.
അതിവേഗ ഡ്രോണുകളും മിസൈലുകളും
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന അതിവേഗ ജെറ്റ്-പ്രൊപ്പൽഡ് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് പ്രതികരിക്കാൻ വളരെ കുറച്ച് സമയം മാത്രമാണ് നൽകുന്നത്. പൈലറ്റുമാർ നേരിട്ട് എത്തി ലക്ഷ്യം സ്ഥിരീകരിക്കുന്നതുവരെ കാത്തിരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നാണ് പോളണ്ടിന്റെ വിലയിരുത്തൽ.‘റഷ്യയുടെ ഭാഗത്തുനിന്നുള്ള ഭീഷണികൾക്ക് മുന്നിൽ നിഷ്ക്രിയരായി നോക്കിനിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഈ വെല്ലുവിളികൾ ഭാവിയിൽ കൂടുതൽ വർധിക്കാനാണ് സാധ്യത’– ഉപപ്രതിരോധ മന്ത്രി സെസാരി ടോംചിക് പറഞ്ഞു.
സമാധാനകാലത്തും വെടിവയ്ക്കാൻ അധികാരം
യുദ്ധകാലത്തോ രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോഴോ മാത്രം സേനയ്ക്ക് നൽകിയിരുന്ന ഇത്തരം അസാധാരണ അധികാരങ്ങളാണ് സമാധാനകാലത്തും പോളണ്ട് ഇപ്പോൾ സൈന്യത്തിന് നൽകുന്നത്. അതേസമയം, സാധാരണ സിവിലിയൻ വിമാനങ്ങളെ അബദ്ധത്തിൽ ലക്ഷ്യമിടാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ തയാറാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
റഷ്യയുടെ കലിനിൻഗ്രാഡ് അതിർത്തിയിൽ ടാങ്ക് വേലികളും പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ പോളണ്ട് നേരത്തെ ശക്തമാക്കിയിരുന്നു. ഇപ്പോൾ വ്യോമാതിർത്തിയിലും പ്രതിരോധ നടപടികൾ കടുപ്പിക്കുന്നതോടെ റഷ്യ-നാറ്റോ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിന്റെ വ്യോമസുരക്ഷാ നയത്തിലും ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.